നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ മാമ്പ്രയിൽ പ്രവർത്തിക്കുന്ന കിടക്ക നിർമാണശാലയിൽ വൻ തീപിടുത്തം. അഞ്ചു കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
കിടക്ക നിർമാണവും മൊത്തക്കച്ചവടവും നടത്തുന്ന ലാമിയർ ബെഡ് എന്ന സ്ഥാപനമാണ് ഇന്നലെ രാവിലെ 7.30ന് കത്തി നശിച്ചത്. കിടക്കകൾക്ക് തീപിടിച്ചതിനെ തുടർന്ന് ഉയർന്ന പുകയും ചൂടും സമീപവാസികൾക്കും രക്ഷാപ്രവർത്തകർക്കും ശ്വാസംമുട്ടലും ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടാക്കി.
വിവരം അറിഞ്ഞ് അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേന എത്തി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് തീയണച്ചത്. കൊരട്ടി കാടുകുറ്റി കൊലയിടം സ്വദേശി അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനി. 2021ലാണ് മാമ്പ്രയിൽ തുടങ്ങിയത്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.